This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലൈവ്, റോബര്‍ട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലൈവ്, റോബര്‍ട്ട്

Clive, Robert (1725 - 74)

ബ്രിട്ടീഷിന്ത്യയിലെ ആദ്യത്തെ ഗവര്‍ണര്‍. 1725 സെപ്. 29-ന് ജനിച്ചു. 1743-ല്‍ ഈസ്റ്റിന്ത്യാക്കമ്പനി സര്‍വീസില്‍ പ്രവേശിച്ച ഇദ്ദേഹം 1744-ല്‍ ഇന്ത്യയിലെത്തി.

റോബര്‍ട്ട് ക്ലൈവ്

ചന്ദാസാഹിബ് നടത്തിയ 1751-ലെ തൃശ്ശിനാപ്പള്ളി ഉപരോധത്തോടെയാണ് റോബര്‍ട്ട് ക്ലൈവ് ശ്രദ്ധേയനായിത്തീര്‍ന്നത്. ഫ്രഞ്ചുകാരുടെ സംരക്ഷണയോടെ ചന്ദാസാഹിബ് ബ്രിട്ടീഷുകാരുടെ മിത്രമായ മുഹമ്മദ് അലിയെ തൃശ്ശിനാപ്പള്ളി കോട്ടയില്‍ വളഞ്ഞുവച്ച അവസരത്തില്‍ തൃശ്ശിനാപ്പള്ളി രക്ഷിക്കാനായി 200 ബ്രിട്ടീഷുകാരും, 300 ഇന്ത്യാക്കാരും അടങ്ങുന്ന ഒരു ചെറിയ സൈന്യത്തോടുകൂടി ക്ലൈവ്, ചന്ദാസാഹിബിന്റെ കേന്ദ്രമായ ആര്‍ക്കാട് പിടിച്ചടക്കി. സെപ്. 23 മുതല്‍ ന. 14 വരെയുള്ള 53 ദിവസം ചന്ദാസാഹിബ് നടത്തിയ ഉപരോധം ധീരമായി ചെറുത്തുനിന്ന് പരാജയപ്പെടുത്തിയതോടെ ക്ലൈവ് ഒരു യുദ്ധതന്ത്രജ്ഞനായി അംഗീകരിക്കപ്പെട്ടു. പാശ്ചാത്യരീതിയിലുള്ള ഗറില്ലായുദ്ധം ഇന്ത്യയില്‍ തുടങ്ങിവച്ചത് ക്ലൈവ് ആയിരുന്നു.

1753 മാര്‍ച്ചില്‍ വധു മാര്‍ഗരറ്റ് മസ്കലിനോടൊപ്പം ബ്രിട്ടനിലേക്ക് മടങ്ങിപ്പോയ ഇദ്ദേഹം 1755-ല്‍ പാര്‍ലമെന്റിലേക്കു മത്സരിച്ചുവെങ്കിലും പരാജയപ്പെടുകയുണ്ടായി. തുടര്‍ന്ന് ഇന്ത്യയിലെ ഫോര്‍ട്ട് സെന്റ് ഡേവിഡിന്റെ ഗവര്‍ണറായി നിയമിക്കപ്പെട്ട റോബര്‍ട്ട് ക്ലൈവ് 1756 ജൂണില്‍ മദ്രാസിലെത്തി. മുഗള്‍ ചക്രവര്‍ത്തിമാരുടെ വൈസ്രോയിയായ നവാബിന്റെ ഭരണത്തിന്‍കീഴിലായിരുന്നു അക്കാലത്ത് ബംഗാള്‍. ഈസ്റ്റിന്ത്യാക്കമ്പനി ബംഗാള്‍ നവാബിന്റെ സംരക്ഷണത്തിലുമായിരുന്നു. പുതിയതായി വന്ന നവാബ് സിറാജ്-ഉദ്-ദൗല കോട്ട പുതുക്കിപ്പണിയുന്ന പ്രശ്നത്തില്‍ ഈസ്റ്റിന്ത്യാക്കമ്പനിയുമായി ഉരസുകയും 1756 ആഗസ്റ്റില്‍ കോട്ട പിടിച്ചടക്കുകയും ചെയ്തു. 900 യൂറോപ്യന്മാരും 1500 ഇന്ത്യക്കാരും അടങ്ങുന്ന സൈന്യവുമായി ക്ലൈവ് 1757 ജനു. 2-ന് കൊല്‍ക്കത്ത തിരികെപ്പിടിച്ചു. ഇതോടെ കമ്പനിയുടെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കാനും നഷ്ടപരിഹാരം നല്കാനും, കോട്ട പുതുക്കിപ്പണിഞ്ഞുകൊടുക്കുന്നതിനും നവാബ് നിര്‍ബന്ധിതനായി. തുടര്‍ന്നുണ്ടായ പ്ലാസി യുദ്ധത്തില്‍ (1757 ജൂണ്‍ 23) ക്ലൈവ്, സിറാജ്-ഉദ്-ദൗലയെ തോല്പിക്കുകയും നവാബ് സ്ഥാനത്തുനിന്നു നീക്കുകയും ചെയ്തു. തുടര്‍ന്ന് മിര്‍ജാഫര്‍ നവാബ് പുതിയതായി വാഴിക്കപ്പെട്ടു. യഥാര്‍ഥത്തില്‍ പ്ലാസിയുദ്ധം ഒരു പീരങ്കിയുദ്ധം മാത്രമായിരുന്നു. നവാബിന്റെ അനുയായികളും ബംഗാളി ബാങ്കര്‍മാരുംകൂടി പിന്നില്‍നിന്ന് കുത്തുകയായിരുന്നു. പക്ഷേ 23 പേരെ മാത്രം നഷ്ടപ്പെട്ട ക്ലൈവ് ബംഗാളിന്റെ മുഴുവന്‍ അധിപനായി. 1760 ഫെബ്രുവരി വരെ ഈ ഗവണ്‍മെന്റ് നിലനിന്നു. മുഗള്‍ രാജകുമാരന്‍ നയിച്ച ഒരു സൈന്യവ്യൂഹത്തെ 1759-ല്‍ പാറ്റ്നയ്ക്ക് അടുത്തുവച്ച് പിന്തിരിപ്പിച്ച ക്ലൈവ്, ചിന്‍സുറയിലെ ഡച്ച് കേന്ദ്രം തകര്‍ത്തു. 1758-ല്‍ കേണല്‍ ഫ്രാന്‍സിസ് ഫോര്‍ഡിന്റെ നേതൃത്വത്തില്‍ അയച്ച സൈന്യം ഫ്രഞ്ച് അധീനതയിലുള്ള വടക്കന്‍ സര്‍ക്കാരുകളെയും പിടിച്ചടക്കി.

ബംഗാളില്‍ അഴിമതിഭരണത്തിന് തുടക്കമിട്ടതു ക്ലൈവാണ്. വ്യക്തിപരമായി ക്ലൈവിന് മുഗള്‍ പ്രഭുസ്ഥാനവും 2,34,000 പൗണ്ട് തുകയും ലഭിച്ചിരുന്നു. കൂടാതെ പ്രതിവര്‍ഷം 30,000 പൗണ്ട് ആദായമുള്ള ഒരു ജാഗിറും അനുവദിച്ചുകിട്ടി. വ്യാപകമായി പടര്‍ന്നുപിടിച്ച അഴിമതി തടയാന്‍ ക്ലൈവിനും കഴിഞ്ഞില്ല. കമ്പനിയുടെ സാധനങ്ങള്‍ ബംഗാളില്‍ ക്രയവിക്രയം ചെയ്യുന്നതിന് അവയെ നികുതികളില്‍നിന്ന് ഒഴിവാക്കിയ ഇദ്ദേഹം കമ്പനി ജോലിക്കാര്‍ക്ക് തങ്ങളുടെ സ്വന്തം കച്ചവടം ചെയ്യുന്നതിനും അനുവാദം നല്‍കി. ഇത് ബംഗാളിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുകമാത്രമല്ല, ഇന്ത്യയിലെ ഏറ്റവും സമ്പന്നമായിരുന്ന ബംഗാള്‍ സംസ്ഥാനത്തെ ക്രമേണ ദരിദ്രമാക്കുകയും ചെയ്തു.

1760-ല്‍ ഇംഗ്ലണ്ടില്‍ മടങ്ങിച്ചെന്ന ക്ലൈവിന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഐറിഷ് പ്രഭുസ്ഥാനം നല്കുകയും 1762-ല്‍ 'ബാറണ്‍ക്ലൈവ് ഒഫ് പ്ലാസി' എന്ന സ്ഥാനം നല്കുകയും ചെയ്തു. 1764-ല്‍ ഇദ്ദേഹത്തിന് നൈറ്റ് (knight) സ്ഥാനവും നല്കപ്പെട്ടു. വില്യം പിറ്റ് ക്ലൈവിനെ 'സ്വര്‍ഗജാതനായ ജനറല്‍' എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ഷൂസ്ബറിയില്‍നിന്ന് എം.പി. ആയ ക്ലൈവ് കുറേ എസ്റ്റേറ്റുകള്‍ വാങ്ങുകയും ഇന്ത്യയില്‍നിന്ന് സമ്പാദിച്ച പണം തന്റെ രാഷ്ട്രീയഭാവിക്കായി ചെലവിടുകയും ചെയ്തു.

മിര്‍ജാഫറിന്റെ പതനത്തിനുശേഷം മിര്‍കാസിം ബംഗാളിന്റെ നവാബായി പ്രതിഷ്ഠിക്കപ്പെട്ടു. 1763-ല്‍ മിര്‍കാസിമും നിഷ്കാസിതനായി. മുഗള്‍ചക്രവര്‍ത്തി ഷാ ആലം കക ബംഗാള്‍ ആക്രമിച്ചതോടെ തകര്‍ച്ചയുടെ വക്കിലെത്തിയ കമ്പനിയെ രക്ഷിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ക്ലൈവിനെ ബംഗാളിന്റെ ഗവര്‍ണറും സര്‍വസൈന്യാധിപനുമായി ഇന്ത്യയിലേക്കയച്ചു. 1765 മേയ് 3-ന് ക്ലൈവ് വീണ്ടും ബംഗാളിലെത്തി. അപ്പോഴേക്കും ബക്സാര്‍ യുദ്ധം (1764) ജയിച്ചുകഴിഞ്ഞിരുന്നു. ഡല്‍ഹിക്കും ബംഗാളിനും മധ്യേ രാഷ്ട്രീയാനിശ്ചിതാവസ്ഥയും ബംഗാളില്‍ അരാജകത്വം നടമാടിയ സാഹചര്യത്തിലാണ് ക്ലൈവിന്റെ അസാമാന്യമായ രാജ്യതന്ത്രജ്ഞത പ്രകടമായത്. വിദേശനയം, ബംഗാള്‍ ഭരണക്രമ രൂപവത്കരണം, കമ്പനി സര്‍വീസ് ഭരണപരിഷ്കാരങ്ങള്‍ എന്നിയവയില്‍ ക്ലൈവിനു വിജയിക്കാന്‍ കഴിഞ്ഞു.

വിദേശനയത്തില്‍ എവിടംവരെ പോകാം എന്നത് ഏറ്റവും പ്രധാനപ്പെട്ട തീരുമാനവിഷയമായിരുന്നു. ഷാ ആലം കക ചക്രവര്‍ത്തിയെ നാമമാത്ര ഭരണത്തില്‍ ഡല്‍ഹിയില്‍ പ്രതിഷ്ഠിച്ചശേഷം ഉത്തരേന്ത്യ മുഴുവന്‍ അടക്കിവാഴാമായിരുന്നു. പക്ഷേ ക്ലൈവ് അതിനു മുതിര്‍ന്നില്ല. ഇദ്ദേഹം കമ്പനിയുടെ ബാധ്യത ബംഗാളിലും ബിഹാറിലുമായി ഒതുക്കിനിര്‍ത്തി. ഷൂജ-ഉദ്-ദൗലയ്ക്ക് ഔധ് തിരികെ നല്കി ചക്രവര്‍ത്തിക്ക് ഒരു വാര്‍ഷിക കപ്പം വാഗ്ദാനം ചെയ്തു. ബംഗാള്‍ ദിവാനിസ്ഥാനം കമ്പനി ഏറ്റെടുത്തു.

ബംഗാള്‍ ഭരണക്രമ രൂപവത്കരണത്തിലും ക്ലൈവ് തന്റെ പ്രാഗല്ഭ്യം തെളിയിച്ചു. ബംഗാളിന്റെയും ബിഹാറിന്റെയും മുഴുവന്‍ കരവും പിരിക്കുവാന്‍ നിയമപരമായ അധികാരം കമ്പനിക്കു കിട്ടിയിരുന്നു. കമ്പനി ഒരു ഡെപ്യൂട്ടി നവാബിനെ നിയമിച്ചു. ഇതുമൂലം പൊലീസ്, മജിസ്റ്റീരിയല്‍ അധികാരം എന്നിവ കമ്പനിക്ക് കൈവന്നു. ഈ ഇരട്ട നിയന്ത്രണത്തോടെ കമ്പനി യഥാര്‍ഥത്തില്‍ ഇന്ത്യയുടെ ഏറ്റവും സമ്പന്നമായിരുന്ന ബംഗാള്‍, ബിഹാര്‍ എന്നീ രണ്ടു പ്രവിശ്യകളുടെ ശരിയായ ഭരണാധികാരിയായി മാറി.

കമ്പനിഭരണപരിഷ്കാരവും ശ്രദ്ധേയമാണ്. കല്‍ക്കത്ത കൌണ്‍സിലിനെ ക്ലൈവ് മറികടന്നു. കാരണം തന്റെ മുന്‍ഗാമിയായ ഹെന്റി വാന്‍സിറ്റാര്‍ട്ടിനോട് കൗണ്‍സില്‍ പലപ്പോഴും ഇടഞ്ഞിരുന്നു. അച്ചടക്കം കൈവരിക്കാന്‍ പലരുടെയും രാജി നിര്‍ബന്ധിതമായി വാങ്ങുകയും, ഇടഞ്ഞു രാജിവച്ചവരുടെ രാജി സ്വീകരിക്കുകയും, പകരം ആഫീസര്‍മാരെ കൊണ്ടുവരികയും ചെയ്തു. ആയിരം രൂപയിലേറെയുള്ള സമ്മാനങ്ങള്‍ ഗവര്‍ണറുടെ അനുവാദത്തോടെ മാത്രമേ വാങ്ങാന്‍ പാടുള്ളൂ എന്ന് നിയമംകൊണ്ടുവന്ന ഇദ്ദേഹം കമ്പനി ജോലിക്കാരുടെ സ്വകാര്യവ്യാപാരം നിര്‍ത്തലാക്കി. അങ്ങനെ ഒരുവിധം അഴിമതി തടയുകവഴി, പത്തുവര്‍ഷമായി നടന്നുവന്നിരുന്ന അനിയന്ത്രിതമായ കൊള്ള തടയപ്പെട്ടു. സൈന്യത്തെയും ഇതുപോലെ നിയന്ത്രിച്ചുനിര്‍ത്തുകയും ഇടഞ്ഞുനിന്ന് ആഫീസര്‍മാരുടെ ലഹള അടിച്ചമര്‍ത്തുകയും ചെയ്തു.

1767 ജനുവരിയില്‍ ക്ലൈവ് ബംഗാള്‍ വിട്ടു. വളരെ ശത്രുക്കളെ സൃഷ്ടിച്ചശേഷമാണ് ബംഗാളില്‍ നിന്ന് ഇദ്ദേഹം പോയത്. 1772-ല്‍ കമ്പനി അതിനെ കടത്തില്‍നിന്നു രക്ഷിക്കണം എന്ന് ഗവണ്‍മെന്റിനോട് അഭ്യര്‍ഥിച്ചതോടെ അന്വേഷണത്തിന് എത്തിയ രണ്ടു പാര്‍ലമെന്ററി കമ്മറ്റികളും അഴിമതി പരമ്പരയുടെ കഥ പുറത്തുകൊണ്ടുവന്നു. വിരോധികള്‍ ഇത് ക്ലൈവിനെതിരായ ആയുധമാക്കി.

1773-ല്‍ പാര്‍ലമെന്റില്‍ ക്ലൈവ് സ്വയം വാദിച്ചു: 'എന്റെ സംയമനത്തില്‍ ഞാന്‍തന്നെ അദ്ഭുതപ്പെടുന്നു.' എന്നാണ് ഇദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. 1773-ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് 'മഹത്തായ, മികവുറ്റ സേവനങ്ങള്‍ രാജ്യത്തിന് നല്കിയ വ്യക്തി' എന്നു റോബര്‍ട്ട് ക്ലൈവിനെ പ്രശംസിക്കുകയുണ്ടായി. 1774 ന. 22-ന് ലണ്ടനില്‍വച്ച് 49-ാം വയസ്സില്‍ ക്ലൈവ് ആത്മഹത്യ ചെയ്തു.

(അലക്സാണ്ടര്‍ ജേക്കബ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍